കണിച്ചാർ (കണ്ണൂർ): മദ്യപിച്ച് വന്ന് ഉറങ്ങാൻ പോലും സമ്മതിക്കാത്ത വിധം ചെവിക്ക് സ്വൈര്യം തരാതെ ഒരാൾ എല്ലാ ദിവസവും തെറി പറഞ്ഞു ശല്യപ്പെടുത്തിയപ്പോൾ മടുത്തിട്ടാണ് സാറേ ഞാനവനെ കൊന്നത്. പറ്റിപ്പോയി.... കണ്ണൂർ ജില്ലയിലെ കണിച്ചാർ ചാണപ്പാറയിലെ പാനികുളം ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രേമൻ പൊലീസിനോട് കുറ്റകൃത്യം ചെയ്തതിന് പറഞ്ഞ കാരണമാണിത്. തിരുവനന്തപുരം ജില്ലയിലെ വളക്കാട് സ്വദേശിയായ പ്രേമൻ ചെങ്കല്ല് പണയിൽ ജോലിയുമായി 15 വർഷത്തോളമായി കണ്ണൂരിലെ മലയോരത്തെ വാടക മുറികളിലാണ് താമസം. ചാണപ്പാറയിൽ വാടകമുറിയിൻ താമസമാക്കിയിട്ടും വർഷങ്ങളായി. കൊല്ലപ്പെട്ടയാൾ തൊട്ടടുത്ത മുറിയിലെ താമസക്കാരനാണ്. കുടുംബവുമായി വേർപിരിഞ്ഞു കഴിയുന്ന അയാൾ എന്നും മദ്യപിച്ച് വന്ന് നിർത്താതെ സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് പതിവാണ്. ജോലിയെടുത്ത് തളർന്ന് വന്ന് കിടന്നുറങ്ങാമെന്ന് വിചാരിച്ചാൽ പോലും പുലർകാലം വരെയുള്ള ശബ്ദകോലാഹലം താങ്ങാൻ കഴിയാത്ത വിധമായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് കുറ്റകൃത്യം നടത്തിയത്. തലേന്ന് രാത്രി മുതൽ അയാൾ തന്നെ അസഭ്യം വിളിച്ചു കൊണ്ടേയിരുന്നു എന്നും നേരം വെളുക്കാറായിട്ടും ഉറങ്ങാൻ കഴിയാത്ത വിധം ശല്യപ്പെടുത്തിയെന്നും പ്രേമൻ പറഞ്ഞു. ഒടുവിൽ സഹികെട്ടപ്പോൾ താഴെയിറങ്ങി പോയി ഒരു ചെങ്കല്ല് എടുത്തു കൊണ്ടുവന്ന് ഉറക്കം തുടങ്ങിയ സമീപവാസിയുടെ തലയിലേക്കിട്ടു. പിന്നെയാണ് ചെയ്തത് അബദ്ധമായി പോയി എന്ന് പ്രേമന് ബോധ്യം ഉണ്ടായത്. ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പുറത്തിറങ്ങി സ്ഥലം വിട്ടു. മുകളിലെ താമസക്കാരെ രണ്ടു പേരേയും കാണാതെ വന്നപ്പോൾ താഴത്തെ നിലയിലുള്ള വ്യാപാരികളും മറ്റും അന്വേഷിച്ചു. മുറിയിൽ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ പൊലീസിനെ അറിയിച്ചു. പ്രേമനെ കേളകത്തെ ചെട്ടിയാംപറമ്പ് മേഖലയിൽ നിന്ന് കണ്ടെത്തി. ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ച പ്രേമനെ റിമാൻഡ് ചെയ്തു.
മദ്യപിക്കാതിരിക്കുന്നതാണ് വ്യക്തിക്കും സമൂഹത്തിനും കുടുംബത്തിനും ആരോഗ്യത്തിനും നല്ലത്.
സാമൂഹിക ജീവികളായ മനുഷ്യർ മദ്യപിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിതാൽപര്യമാണ്. ആ വ്യക്തിതാൽപര്യം മറ്റുള്ള വ്യക്തികളുടെ സ്വൈര്യ ജീവിതത്തിന് തടസ്സമാകരുത്. പ്രേമൻ പറഞ്ഞു എന്നതുകൊണ്ട് കുറ്റകൃത്യത്തിൻ്റെ കാരണം ശരിയാകണമെന്നില്ല. പക്ഷെ പ്രേമൻ പറഞ്ഞ കഥ ശരിയാണെങ്കിലും തെറ്റാണെങ്കിലും അതിൽ സമൂഹത്തിനൊരു സന്ദേശമുണ്ട്.
മറ്റുള്ളവർക്ക്, ദ്രോഹമാകും വിധം സ്വന്തം വ്യക്തിസ്വാതന്ത്ര്യവും പൗരസ്വാതന്ത്ര്യാവകാശങ്ങളും പ്രയോഗിക്കരുത്. പൗരാവകാശ വ്യക്തിസ്വാതന്ത്ര്യം മറ്റുള്ളവരുടെ ഉറക്കം കെടുത്താനുള്ള ലൈസൻസല്ല.
Preman said that he was killed because he was wrong and did not agree to sleep even at night.